Diwali Festival Famous Temples in Kerala

Diwali Festival (ദീപാവലി)- Temples in Kerala

Last Updated: October 20, 2025By

ഭാരതത്തിലെ ആഘോഷങ്ങളിൽ പ്രധാനമാണ് ദീപങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലി.
തിൻമയ്‌ക്ക് മേൽ നൻമ നേടിയ വിജയത്തെയാണ് ദീപാവലിയായി ഭാരതീയർ ആഘോഷിക്കുന്നത്. അധർമ്മത്തിൽ നിന്ന് ധർമ്മത്തിലേക്ക് നീങ്ങുന്നതിന്റെ പ്രതീകമാണ് സന്ധ്യാ ദീപങ്ങൾ. അതുകൊണ്ടുതന്നെയാണ് ഇത് ദീപങ്ങളുടെ ഉത്സവമെന്ന് വിശേഷിക്കപ്പെടാനുള്ള കാരണം. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ (കറുത്തവാവിലെ) ചതുർദ്ദശിയാണ് ദീപാവലിയായി കണക്കാക്കുന്നത്. മലയാളത്തിലത് തുലാമാസത്തിലാഘോഷിക്കുന്നു.

ദീപാവലിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഐതിഹ്യങ്ങൾ ചുവടെ ചേർക്കുന്നു.

  1. ശ്രീകൃഷ്ണന്‍ സത്യഭാമാസമേതനായി ഗരുഡാരൂഢനായി പ്രാഗ്‌ജ്യോതിഷമെന്ന നഗരത്തില്‍ ചെന്ന് ത്രിഭുവനങ്ങളെയും വിറപ്പിച്ചുകൊണ്ടിരുന്ന നരകാസുരനെ വധിച്ച് തടവറയിലുണ്ടായിരുന്ന പതിനാറായിരം കന്യകമാരെ മോചിപ്പിച്ച ദിനമാണിത്. നരകാസുരനുമായി ബന്ധപ്പെട്ട ചതുര്‍ദശി എന്നര്‍ത്ഥത്തില്‍ നരകചതുര്‍ദശി എന്ന പ്രയോഗം ഇതുമായി ബന്ധപ്പെട്ടു പറയുന്നുണ്ട്. അസുര വധത്തിനുശേഷം ഭഗവാന്‍ എണ്ണ തേച്ചു കുളിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് അന്നേദിവസം എണ്ണ തേയ്ക്കുന്നത്. ഈ കുളി അതിരുകടന്നതുകൊണ്ടാവാം ‘ദീവാളി കുളിക്കുക’ എന്ന പ്രയോഗം വന്നത്.
  2. രാവണവധാനന്തരം ശ്രീരാമചന്ദ്രന്‍ ശ്രീലങ്കയില്‍നിന്നും അയോധ്യയിലെത്തിയ ദിനം. സന്തുഷ്ടരായ ജനങ്ങള്‍ ശ്രീരാമചന്ദ്രനെ വരവേല്‍ക്കുന്നതിനായി എല്ലായിടവും അലങ്കാരങ്ങളാല്‍ മനോഹരമാക്കി. ദീപങ്ങള്‍ നിരനിരയായി കൊളുത്തിവച്ച് മധുരപലഹാരങ്ങള്‍ പങ്കുവച്ചും പടക്കംപൊട്ടിച്ചും തങ്ങളുടെ സ്‌നേഹാദരങ്ങള്‍ പ്രകടമാക്കി.
  3. പാലാഴിമഥന സമയത്ത് ക്ഷീരസാഗരത്തില്‍ നിന്ന് അമൃതകുംഭവുമായി ഐശ്വര്യദേവതയായ ലക്ഷ്മീദേവി പ്രത്യക്ഷപ്പെട്ടത് അമാവാസി ദിവസമാണ്. ഇക്കാരണത്താല്‍ ദാരിദ്ര്യത്തിന്റെ പ്രതീകമായ അലക്ഷ്മിയെ (ചേട്ടാഭഗവതിയെ) പുറത്താക്കുന്നതിന്റെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കി, അഭ്യംഗസ്‌നാനം ചെയ്ത് വ്രതശുദ്ധിയോടെ മഹാവിഷ്ണു, മഹാലക്ഷ്മി, മഹാഗണപതി എന്നിവരെ പൂജ ചെയ്ത് അസ്ഥിരയായ ലക്ഷ്മിയെ സ്ഥിരമായി കുടിയിരുത്തിയതിന്റെ സന്തോഷം പുതുവസ്ത്രമണിഞ്ഞും മധുരപലഹാരം വിതരണം ചെയ്തും പങ്കുവയ്ക്കുന്നു.
  4. മഹാബലിയെ വാമനാവതാരത്തിലെത്തിയ മഹാവിഷ്ണു സുതലത്തില്‍ ഇന്ദ്രനായി വാഴിച്ചത് ഈ ദിനത്തിലാണെന്നും അതിന്റെ സന്തോഷ സൂചകമായി ഇന്ദ്രന്‍ ദീപാവലി ആഘോഷിച്ചിരുന്നുവെന്നുമാണ് മറ്റൊരു കഥ.
  5. പാര്‍വതീദേവിയുടെ അനുഗ്രഹത്താല്‍ മഹാവിഷ്ണുവിന് സകലകാര്യസിദ്ധിയും സുബ്രഹ്മണ്യന് വിഷയവാസനാ മുക്തിയും ഗണേശന്‍ സര്‍വ്വപ്രഥമമായ പൂജ ലഭിക്കാനുള്ള വരവും ലഭിച്ചത് ഈ പുണ്യദിനത്തിലാണ്.
  6. ദക്ഷിണായനത്തിലെ ഈ അമാവാസി ദിവസം പിതൃലോകത്തുനിന്നും പിതൃക്കള്‍ ഭൂമിയിലെ തങ്ങളുടെ ബന്ധുജനങ്ങളെ കാണാനും അനുഗ്രഹിക്കാനും വരുന്ന ദിവസം. അവരെ എതിരേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങളുമാണ് ഓരോ ആചാരവും. ദീപങ്ങള്‍ നിരനിരയായി കൊളുത്തിവച്ച് ദീപം മുകളിലേക്ക് കാട്ടി പിതൃക്കളെ ആനയിക്കുന്നു. തുടര്‍ന്ന് സ്ഥൂലശരീരം ഉപേക്ഷിച്ച പിതൃഗണങ്ങള്‍ക്ക് ബലികര്‍മം ചെയ്യുന്നു. പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ തര്‍പ്പണവും ശ്രാദ്ധവും ഇതിന്റെ ഭാഗമായി ചെയ്താല്‍ ദീര്‍ഘായുസും ആരോഗ്യവും ഐശ്വര്യവും ലഭിക്കുമെന്നാണ് ഗരുഡപുരാണം പറയുന്നത്. അങ്ങനെ പഞ്ചമഹായജ്ഞങ്ങളിലൊന്നായ പിതൃയജ്ഞം ദീപാവലിയുടെ ഭാഗമായാചരിക്കുന്നു.
  7. ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധന പര്‍വ്വതത്തെ കുടയാക്കി ഉയര്‍ത്തി, ഇന്ദ്രകോപം കൊണ്ട് പ്രളയക്കെടുതിയിലായ ഗോകുല വാസികളേയും പക്ഷിമൃഗാദികളേയും രക്ഷിച്ചു. ഇതിന്റെ ഓര്‍മയ്ക്കായി ഗോവര്‍ദ്ധന പൂജയും പതിവുണ്ട്. പ്രകൃതിപൂജ തന്നെയാണ് ഗോവര്‍ദ്ധന പൂജ. ശുക്ലപക്ഷ പ്രതിപദത്തിലാണിത് നടത്തുന്നത്.
  8. ഭ്രാതൃദ്വിതീയ എന്ന പേരില്‍ ശുക്ലപക്ഷ ദ്വിതീയയുമായി ബന്ധപ്പെട്ട ഒന്നാണ് യമ-യമീ സൗഹൃദ സംഗമം. ദീര്‍ഘകാലം പിരിഞ്ഞു കഴിഞ്ഞതിനുശേഷം ഗോകുലത്തില്‍ വച്ച് യമന്‍ തന്റെ സഹോദരിയായ യമിയെ കണ്ടുമുട്ടുന്നുണ്ട്. സന്തുഷ്ടയായ സഹോദരി സഹോദരനോട് കാണിച്ച സ്‌നേഹപ്രകടനവും ആതിഥ്യവും ഓര്‍മപ്പെടുത്തുന്ന രീതിയില്‍ സഹോദരീ ദിനമായും ആചരിച്ചുവരുന്നു. ഇപ്രകാരം ആചരിച്ചാല്‍ യമധര്‍മ്മന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം.
  9. ഭദ്രകാളി ദാരികനെ വധിച്ചതുമായ സംഭവമാണ് മറ്റൊന്ന്. ആയതിനാല്‍ ഭദ്രകാളീ സങ്കല്‍പ്പത്തിലുള്ള പൂജ വിശേഷമാണ്. കേരളത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഇത്തരം വിശ്വാസമുണ്ട്. കേരളത്തിലെ നാടോടി വാങ്മയ പാരമ്പര്യത്തിലും അനുഷ്ഠാന കലാരൂപങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഒരു സങ്കല്‍പ്പമാണ് കാളീ-ദാരിക പുരാവൃത്തം.
  10. പാലക്കാട് ജില്ലയില്‍ പ്രസിദ്ധമായ തോല്‍പ്പാവക്കൂത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം പറയുന്നത് ഭദ്രകാളി ദാരികനുമായി യുദ്ധം ചെയ്തിരുന്നതിനാല്‍ രാമരാവണ യുദ്ധം കാണാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ യുദ്ധത്തിന്റെ പകര്‍ന്നാട്ടത്തിലൂടെ അത് നേരില്‍ ദേവിക്ക് കാണുന്നതിനാലാണ് ദേവീക്ഷേത്രങ്ങളില്‍ തോല്‍പ്പാവക്കൂത്ത് നടത്തുന്നതെന്നുമാണ്.
  11. വിക്രമാദിത്യന്റെ രാജ്യാഭിഷേകം നടത്തിയ ദിനമായതിനാല്‍ പിന്നീട് വിക്രമസംവത്സരത്തിന്റെ തുടക്ക ദിവസമായി ദീപാവലിയെ കണക്കാക്കിവരുന്നു.
  12. ജൈനമതത്തിലെ ആദരണീയമായ തീര്‍ത്ഥങ്കരന്‍ മഹാവീരന്റെ നിര്‍വാണ പുണ്യദിനം ഇതേ ദിവസമാകയാല്‍ ജൈനമതവിശ്വാസികള്‍ക്കിത് വിശേഷമാണ്. നിര്‍വാണസ്ഥലമായ പാവാപുരിയില്‍ അന്നേദിവസം ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇന്നും നടത്തിവരുന്നു.
  13. കേരളത്തില്‍ പല സ്ഥലങ്ങളിലും ധന്വന്തരീപൂജയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിപാടികള്‍ നടത്താറുണ്ട്. പാലാഴിമഥനം നടക്കുന്ന സമയത്ത് ഒരു കൈയില്‍ കമണ്ഡലുവും മറുകൈയില്‍ ദണ്ഡുമായി ധന്വന്തരീമൂര്‍ത്തി പ്രത്യക്ഷപ്പെട്ട ദിനമാണെന്നതാണിതിനു പിന്നിലെ വിശ്വാസം.

ഇങ്ങനെ ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും അടങ്ങുന്ന ദീപാവലി ആഘോഷം ഹിന്ദു ജൈന-സിഖ് മതാവലംബികളായവരുടെ പുണ്യദിനമാണ് ചിലയിടങ്ങളിലെങ്കില്‍ അഞ്ച് ദിവസം വരെ ചില (ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍) ആഘോഷിക്കുന്നവരുമുണ്ട്. ധനത്രയോദശി (ധന്‍തേരസ്) നരകചതുര്‍ദശി, അമാവാസി, ബലിപ്രതിപദം, ഭ്രാതൃദ്വിതീയ എന്നിങ്ങനെയാണ് അഞ്ചുദിവസങ്ങളുടെ പ്രത്യേകത.

ജ്ഞാനദീപം പ്രദീപ്തമാക്കുന്ന ഉത്സവദിവസമായ ദീപാവലി നാളില്‍ പ്രകാശമില്ലാത്ത ഒരിടവും ഉണ്ടാകരുതെന്നാണ് വിശ്വാസം. ഐശ്വര്യദേവതയായ മഹാലക്ഷ്മി എല്ലാ ഭവനങ്ങളിലും സന്ദര്‍ശിക്കുമെന്നും നിറഞ്ഞമനസ്സോടെ സ്വീകരിക്കുന്ന ഭവനങ്ങളില്‍ ഭവാനി ആ വര്‍ഷം മുഴുവന്‍ അധിവസിച്ച് സമ്പത്തും ഐശ്വര്യവും നല്‍കുന്നുവെന്നാണ് ഐതിഹ്യം. ഭവാനിയാണല്ലോ ഭവനങ്ങളുടെ ഐശ്വര്യം നിലനിര്‍ത്തുന്നത്. വ്യാപാരികള്‍ കച്ചവടത്തിന്റെ അഭിവൃദ്ധിക്കായി കടകള്‍ അലങ്കരിച്ച് ദീപപ്രഭയാല്‍ രാത്രിയും തുറന്നുവയ്ക്കാറുള്ളത് ഇതുകൊണ്ടാണ്.
വ്യാപാരികളുടെ വര്‍ഷാരംഭവും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതും ഇതോടനുബന്ധിച്ചാണ്.

രാത്രിയെ പകലാക്കി ആകാശത്ത് വർണ്ണങ്ങൾ നിറയുന്ന ദീപാവലി ഉത്സവം തലേദിവസം രാത്രി മുതൽ ആരംഭിക്കും. ഉത്തരേന്ത്യയിലാണ് ദീപാവലി ആഘോഷങ്ങൾ പ്രധാനമായും കൊണ്ടാടാറുള്ളത്. ഒത്തുകൂടാൻ കിട്ടുന്ന അവസരങ്ങൾ മനോഹരമാക്കുന്നതിൽ ദീപാവലിക്കുള്ളത് നക്ഷത്രശോഭയാണ്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന നേപ്പാളും ശ്രീലങ്കയും രാമായണത്തിന്റെ ഭാഗമായിത്തന്നെ ദീപാവലിയെ കാണുന്നു എന്ന പ്രത്യേകതയുമുണ്ട്.

ധന ത്രയോദശി:

ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ട് 5 തിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും കനകധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്യുന്നു.

നരക ചതുർദ്ദശി:

ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച ശ്രീ കൃഷ്‌ണനെയാണ് അന്നേ ദിവസം പൂജിക്കുന്നത്.

ലക്ഷ്മി പൂജ:

ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മി അഥവാ ആദിപരാശക്തിയുടെ 3 രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.

ബലി പ്രതിപദ:

കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനൻ പാതാളത്തിലേക്കു അയച്ച മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.

ഭാതൃ ദ്വിതീയ:

ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു. സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.