ആറ്റുകാൽ ഭഗവതി ക്ഷേത്രം – സ്ത്രീകളുടെ ശബരിമല
– കടപ്പാട് രവീന്ദ്രൻ ശംഖുരുട്ടി
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന, ഭൂമിയിൽ വെച്ച് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒന്നിച്ചെത്തി ദേവിക്ക് പൊങ്കാല സമർപ്പിക്കുന്ന സുപ്രധാന വൈഭവം ഈ വർഷം വരുന്ന മാർച്ച് മൂന്നിനാണ് അനന്തപുരിയിൽ അരങ്ങേറുന്നത് എന്ന് നമുക്കേവർക്കും അറിയാവുന്നതാണ്. ആറ്റുകാൽ പൊങ്കാലയുമായി നിരവധി ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവയിൽ പ്രശസ്തവും വിശ്വസ്തവുമായത്, തമിഴ് സംഘ സാഹിത്യത്തിൽ അഞ്ച്പെരുങ്കാപ്പിയങ്ങൾ എന്നറിയപ്പെടുന്ന ചിലപ്പതികാരം, മണിമേഖല, ശീവക ചിന്താമണി, വളയാപതി, കുണ്ടലകേശി എന്നിവയിൽ ഏറ്റവും കീർത്തിയാർജിച്ച ചിലപ്പതികാരത്തിൻ്റെ കഥാനായിക, കർപ്പുക്കരശിയായ കണ്ണകി (പതിവൃതാ രത്നം, ചാരിത്ര്യൻ്റെ രാജ്ഞി) തൻ്റെ ഭർത്താവായ കോവലനെ വിചാരണ ചെയ്യാതെ കള്ളനാക്കി വധിച്ച പാണ്ഡ്യ മഹാരാജാവിനോട് പക വീട്ടിയ കഥയാണ്.
ചിലപ്പതികാരത്തിനെ കുറിച്ച് രണ്ട് വാക്ക് എഴുതാതെ കണ്ണകിയിലേക്ക് കടക്കാൻ കഴിയില്ല. ഈ മഹാകാവ്യം രചിച്ചത് ചേരരാജാവായ ചേരൻ ചെങ്കുട്ടുവൻ്റെ ഇളയ സഹോദരൻ ഇളങ്കോവടികൾ ആണ്. ഇദ്ദേഹം ജനിച്ചപ്പോൾ ജ്യോതിഷ പണ്ടിതൻ പ്രവചിച്ചത് ഇദ്ദേഹം ചക്രവർത്തി ആകുമെന്നാണ്. ഈ പ്രവചനം പൊളിക്കുവാനും, തൻ്റെ ജ്യേഷ്ഠന് രാജ്യാധികാരം കിട്ടാനും വേണ്ടി ജൈന മതം സ്വീകരിച്ച് അന്നത്തെ ചേരനാട്ടിൻ്റെ തലസ്ഥാനമായ തിരുവഞ്ചിക്കുളത്തിനടുത്ത് (കൊടുങ്ങല്ലൂർ) ഗുണവായിൽ കോട്ടമെന്ന സ്ഥലത്ത് സന്യാസം സ്വീകരിച്ച് വസിക്കേ, മധുരയിൽ വസിച്ചിരുന്ന ചീത്തലൈ ചാത്തനാർ എന്ന മഹാകവി, കണ്ണകി, കോവലൻ മാരുടെ കഥ ഇളങ്കോവടികൾക്ക് പറഞ്ഞ് കൊടുക്കുകയും അതിനെ 5001 വരികളും, 3 കാണ്ടങ്ങളും, 30 ഗാഥകളുമടങ്ങുന്ന ചിലപ്പതികാരമായി രചിക്കുകയും ചെയ്തു.
ഇത് രചിക്കപ്പെട്ടത് AD 2-ാം നൂറ്റാണ്ട് എന്ന് തമിഴ് സംഘ സാഹിത്യ ചരിത്രത്തിൽ രേഖപ്പെടത്തിയിട്ടുണ്ട്.
ഇയൽ, ഇസൈ , നാടകം (സംസാര, സംഗീത, നാടക)ഭാഷകളുടെ സംഗമ തമിഴാണ് (മുത്തമിഴ് കാപ്പിയം)ഈ ആദ്യ തമിഴ് ഇതിഹാസ കൃതിയിൽ ഉപയോഗിച്ചിട്ടുള്ളത്. മറ്റൊരു സവിശേഷത മൂന്ന് രാജ്യങ്ങളുടെ ഐക്യത്തിനെ വിളംബരം ചെയ്യുന്ന കഥയാണ്. ചേര, ചോഴ, പാണ്ഡ്യ എന്നീ മൂന്ന് രാജ്യങ്ങളിലുമായിട്ടാണ് ഈ കഥ
നിറഞ്ഞാടുന്നത്. ഈ മഹാകാവ്യത്തിൽ ഈശ്വരപ്രാർത്ഥനയ്ക്ക് പകരം പ്രകൃതിയെയാണ് സ്തുതിക്കുന്നത്. കണ്ണകി, കോവലൻ, മാധവി എന്ന സാധാരണ പൗരരുടെ കഥയായതിനാൽ ഇതിനെ – കുടി മക്കൾ (പൗരൻമാർ) കാപ്പിയം- എന്നും അറിയപ്പെടുന്നു.
കഥയിലേക്ക് കടക്കാം……
ഇടത് കൈയിൽ ചിലങ്കയേന്തി, തലവിരിക്കോലമായി, മറ്റേ കൈ രാജാവിൻ്റെ അധികാര അഹങ്കാരത്തിനെതിരെ നീതിക്ക് വേണ്ടി ചൂണ്ടി നിൽക്കുന്ന, ദ്രാവിഡ സംസ്കാരത്തിലെ അതിശക്തയായ സ്ത്രീത്വത്തിൻ്റെ പ്രതീകമായിട്ടാണ് കണ്ണകി നിലകൊള്ളുന്നത്. കാവേരി നദി നൽകിയ സർവൈശ്വര്യം നിറഞ്ഞ ചോഴ നാട്ടിലെ കാവേരിപൂം പട്ടിണത്ത് ധനികനായ വണിക കുലത്തിലെ മാനായകനാണ് കണ്ണകിടെ പിതാവ്. മറ്റൊരു ധനികനാണ് കോവലൻ്റെ പിതാവ് മാസാത്തുവൻ.
വിവാഹ പ്രായമെത്തിയ കോവലൻ്റെയും കണ്ണകിടെയും വിവാഹം മംഗളകരമായി നടക്കുന്നു. സംഗീത, നടന കലകളിൽ ഉള്ള അഭിരുചി കാലാന്തരത്തിൽ കോവലനെ പൂംപുകാറിലെ പ്രശസ്ത നർത്തകിയായ മാധവിയിലേക്ക് അടുപ്പിക്കുകയും, കണ്ണകിയെ ഉപേക്ഷിച്ച് മാധവിയോട് സ്ഥിരതാമസമാക്കാൻ കാരണമാവുകയും ചെയ്തു. കോവലൻ തൻ്റെ സമ്പത്ത് മുഴുവനും മാധവിയുടെ ആശകൾക്ക് വേണ്ടി നശിപ്പിച്ചു. ആശകൾ കാശില്ലാത്ത കോവലനെ മാധവിയിൽ നിന്നും ആട്ടിയിറക്കി. പതിവൃതാ രത്നമായ കണ്ണകി എല്ലാം നശിപ്പിച്ച് നട്ടം തിരിഞ്ഞ് തിരികെ വന്ന കോവലനെ, തൻ്റെ പ്രിയ ഭർത്താവിനെ തിരികെ കിട്ടിയ സന്തോഷത്തിൽ, പുതിയ ജീവിതം നയിക്കാൻ ഇരുവരും മധുരയിലേക്ക് ചേക്കേറി.
ആ സമയം പാണ്ഡ്യ മഹാറാണിയുടെ ഒരു ചിലമ്പ് മോഷണം പോയിരുന്നു. കൈയിൽ ജീവിക്കാൻ കാശില്ലാത്ത കോവലൻ്റെ കൈയിൽ തൻ്റെ ആകെയുള്ള സമ്പത്തായ പവിഴപരലുകൾ നിറച്ച നല്ല വിലപിടിപ്പുള്ള റാണിയുടെ നഷ്ടപ്പെട്ട ചിലമ്പിൻ്റെ സാദൃശ്യമുള്ള ചിലമ്പ് വിൽക്കുവാനായി കണ്ണകി ഊരി നൽകി. റാണിയുടെ ചിലമ്പ് മോഷ്ടിച്ച തട്ടാൻ്റെ കൈവശം തന്നെ കോവലൻ തൻ്റെ ചിലമ്പ് വിൽക്കുവാനായി ചെന്ന് പെട്ടു. ചിലമ്പുകളുടെ സാദൃശ്യം കണ്ട തട്ടാൻ കോവലനെ കള്ളനാക്കി രാജാവിൻ്റെ മുന്നിൽ എത്തിച്ചു. പാണ്ഡ്യൻ നെടുഞ്ചെഴിയൻ തീരെ വിചാരണ നടത്താതെ കോവലനെ ശിരച്ചേദം ചെയ്യാൻ വിധിച്ചു. തൻ്റെ പ്രാണനാഥൻ്റെ മരണവാർത്തയറിഞ്ഞ് കോപാകുലയായ കണ്ണകി തൻ്റെ കൈയിലുള്ള മറ്റേ ചിലമ്പുമെടുത്ത് രാജധാനിയിലേക്ക് പാഞ്ഞു.
നീതി നടപ്പാക്കാനറിയാത്ത, ഹേ പാണ്ഡ്യ മഹാരാജാവേ
നിനക്ക് ഈ സിംഹാസനത്തിലിരിക്കാൻ എന്തർഹതയാണുള്ളത്?
നീ പഠിച്ച, ഏത് ധർമ്മത്തിലാണ് വിചാരണയില്ലാതെ ശിരച്ചേദം ചെയ്യാൻ വിവസ്ത ചെയ്തിട്ടുള്ളത്?
നീതിക്കും നേർമയ്ക്കും പേര് കേട്ട പാണ്ഡ്യനാട്ടിൽ സാധാരണക്കാരന് ജീവിക്കുവാൻ വേണ്ടി ഒരു ചിലമ്പ് വിൽക്കുവാൻ പോലും കഴിയില്ലന്നോ ?
എൻ്റെ കൈയിലുള്ള ചിലമ്പ് മാണിക്കപ്പരലുൾ നിറച്ചതാണ്. നിൻ്റെ റാണിയുടെ ചിലമ്പിലെ പരലുകൾ വില കുറഞ്ഞ മുത്തുകൾ നിറച്ചതാണെന്ന സത്യം തിരിച്ചറിയാൻ കഴിയാത്ത നീ എന്തിനാ ഇനിയും മാനം കെട്ട ജീവനെ നിന്നിൽ തറച്ച് നിറുത്തിയിരിക്കുന്നത്..?
ഞാൻ വലിച്ചെറിയുന്ന എൻ്റെ ചിലമ്പിൻ്റെ പരലുകൾ കാണുക …..
ഒരു മാണിക്കപ്പരൽ രാജാവിൻ്റെ ചെകിട്ടിൽ തറയ്ക്കുകയും …..
ഞാൻ ചെയ്തത് മഹാ അപരാധമാണ്…….. എനിക്കിനി ജീവിക്കാൻ അർഹതയില്ല എന്ന് മനം പൊട്ടി തറയിലേക്ക് മരിച്ച് വീഴുകയും ചെയ്തു. ഇത് കണ്ട് തത്ക്ഷണം മഹാറാണിയും മരണപ്പെടുന്നു.
കോപം തീരാത്ത കണ്ണകി തൻ്റെ ഒരു മുലയരിഞ്ഞ്, മധുരയെ അഗ്നി ക്കിരയാക്കി ഘോര നൃത്തം നടത്തുന്നത് കണ്ട് ഭയന്ന മധുരയാളും മീനാക്ഷി ദേവി കണ്ണകിയോട് കോപമടക്കാൻ യാചിച്ചു. കണ്ണകി അവിടെ നിന്നും 14 നാളുകൾ നടന്ന് ചേരനാട്ടിൻ്റെ അതിർത്തിയായ വണ്ണാത്തി പാറയിലെത്തുന്നു. അവിടേക്ക് കോവലൻ ദേവൻമാർ സമേതം പൂപല്ലക്കിൽ എത്തി അമംഗലിയായ കണ്ണകിയെ മംഗളകരമായ സുമംഗലിയാക്കി വിവാഹം ചെയ്ത് ദേവലോകത്തേക്ക് കൊണ്ട് പോയി. അങ്ങനെ ചേരൻ ചെങ്കുട്ടുവൻ കണ്ണകിക്ക് മംഗളാദേവി ക്ഷേത്രം പണിഞ്ഞ് വണങ്ങി.
ചിത്രാ പൗർണമി നാളിൽ അവിടെ നടതുറക്കുകയും 6 കി മി വരുന്ന കണ്ണകി നടന്ന് കയറിയ ഒറ്റയടി പാതയിൽ നടന്ന് ദേവിയെ ദർശിക്കുവാനാകും. മുകളിൽ പറഞ്ഞ 14 നാളുകൾ നടക്കുന്നതിനിടയിൽ നമ്മുടെ കിള്ളിയാറ്റിൻ കരയിൽ ഒരു പെൺകുട്ടിയുടെ വേഷത്തിൽ എത്തി. മുല്ല വീട്ടിൽ കാരണവർ കുളിക്കാൻ വന്ന നേരം
“മുത്തശ്ശാ എന്നെ ഒന്ന് അക്കര ആക്കാമോ ” പിന്നെന്താ ?
അങ്ങനെ കാരണവർ മുല്ല വിട്ട് തറവാട്ടിൽ കുട്ടിയെ കൊണ്ടുപോയി. കുട്ടി പെട്ടന്ന് അപ്രതൃക്ഷമായി.
രാത്രി അദ്ദേഹം സ്വപ്നം കണ്ട പ്രകാരം അടുത്തുള്ള കാവിൽ 3 വരകൾ കാണുകയും അവിടെ
ശൂലം, അസ്തി, ഫലകം, കങ്കാളം എന്നിവ ധരിച്ച ഭദ്രകാളി ദേവിയെ പ്രതിഷ്ഠിച്ചു. താരിക വധത്തിന് ശേഷം സൗമ്യ ഭാവത്തിൽ വേതാളത്തിന് പുറത്തിരിക്കുന്ന രൂപത്തിലാണ് ദേവി ഇവിടെ കുടികൊള്ളുന്നത്.
തെക്കൻ തിരുവിതാംകൂറിൽ ദേവിഷേത്രങ്ങളിൽ സ്ഥിരമായി പാടി വരുന്ന തോറ്റംപാട്ടുകളിൽ ദേവിടെ ഉത്ഭവം പാടുന്നു. ഇവിടെ കോവലൻ്റെ ഉത്ഭവം അധവാ പുനർജന്മം 7 – ാം ഉത്സവത്തിന് തോറ്റംപാട്ടിൽ പാടുന്നു.
ഒന്നാം നാൾ ശ്രീ കോവിലിനകത്ത് ദേവിടെ ഉടവാളിൽ കാപ്പ് കെട്ടി കൊടുങ്ങലൂരമ്മയായ കണ്ണകിയെ കുടിയിരുത്തുന്നു.
3 -ാം നാൾ കോവലൻ്റെയും കണ്ണകി ദേവിയുടെയും വിവാഹം മാലപ്പുറം പാട്ട് എന്ന പേരിൽ തോറ്റംപാട്ടിൽ പാടപ്പെടുന്നു.
4 -ാം നാൾ ചിലമ്പ് വിൽക്കാൻ മധുരയ്ക്ക് കോവലൻ പോകുന്ന ഭാഗമാണ് തോറ്റത്തിൽ പാടുന്നത്.
6-ാം നാൾ രാത്രി ഒരു മണിക്ക് കോവലനെ കള്ളനെന്ന് ധരിച്ച് പാണ്ഡ്യ രാജാവ് ശിരച്ഛേതം നടപ്പിലാക്കി.
9 -ാം നാൾ കണ്ണകി പാണ്ഡ്യനെ വധിച്ച് പക വീട്ടിയ കഥാ ഭാഗമാണ് പാടുന്നത്. പൊങ്കാല നൽകി ദേവിയുടെ കോപം ശമിപ്പിക്കുന്നു.
10-ാം നാൾ പൊലിപ്പാട്ട് പാടി കാപ്പിറക്കുന്ന ചടങ്ങോടെ ഉത്സവം സമാപിക്കുന്നു.
ദേവി ശരണം 🙏 അമ്മേ ശരണം.🙏
– കടപ്പാട് രവീന്ദ്രൻ ശംഖുരുട്ടി
