Temples in Kerala

വിനായക ചതുർത്ഥി… – Temples in Kerala

Last Updated: August 26, 2025By

മഹാദേവന്റേയും പാർവ്വതീ ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായകചതുർത്ഥി.

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം അന്നേ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല അല്ലെങ്കിൽ അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം.

വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർദ്ധനവിന് ഉത്തമമാണ്.

ഗണപതിയുടെ ജന്മനക്ഷത്രം അത്തം ആയതിനാൽ അത്തം ചതുർഥി എന്നും ഈ ദിവസം അറിയപ്പെടുന്നു.

ഹൈന്ദവ വിശ്വാസമനുസരിച്ച് ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്

ഗണനാഥനായ ഗണപതിക്ക് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം.

ഗണേശ്വരന്റെ പിറന്നാൾ ദിനത്തിൽ ഓരോ വ്യക്തിയുടെ പേരിലും നാളിലും ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം,ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ നല്ലതാണ്.

വിനായകചതുർഥിയിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം.

ഒരിക്കൽ പിറന്നാൾ സദ്യയുണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച ഗണപതിഭഗവാൻ വയർ നിറ‍ഞ്ഞതിനാൽ കാൽ തെറ്റി വീണു. ഇതു കണ്ട് കളിയാക്കി ചിരിച്ച ചന്ദ്രനെ ‘‘വിനായക ചതുർഥി ദിവസം നിന്നെ ദർശിക്കുന്നവർക്കെല്ലാം ദുഷ്പേര് കേൾക്കാൻ ഇടയാവട്ടെ’’ എന്ന് ശപിക്കുകയും ചെയ്തു.

അതിനാൽ ഗണേശ ചതുർഥി ദിനത്തിൽ ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാവും എന്നൊരു വിശ്വാസം നിലനിൽക്കുന്നു.

കേതുദശാദോഷമനുഭവിക്കുന്നവർ ദോഷപരിഹാരമായി വിനായകചതുർഥി ദിനത്തിൽ ഗണേശ പൂജ, ഗണപതിഹോമം എന്നിവ നടത്തിയാൽ അതിവേഗ ഫലസിദ്ധി ലഭിക്കും

ഉദ്ദിഷ്ഠ കാര്യ സിദ്ധിക്കായി “ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത്” , വിഘ്‌നനിവാരണത്തിനായി “ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് ” എന്നീ ഗണപതി ഗായത്രികൾ 108 തവണ വിനായകചതുർഥി ദിവസം ചൊല്ലാവുന്നതാണ്

വിനായക ചതുർഥിയെ കുറിച്ച് ബ്രഹ്മവൈവർത്ത പുരാണം ,ഗണേശപുരാണം എന്നിവയിൽ ഈ ദിവസം ചന്ദ്രനെ കാണരുത് എന്നാണ് സങ്കൽപം. മാത്രമല്ല ഈ ദിവസത്തിൽ ജലത്തിൽ വസിക്കുന്ന ജീവജാലങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ദാനം ചെയ്യുന്നത് പുണ്യമാണെന്നും വിശ്വസിച്ചിരുന്നു. അങ്ങനെയാണ് അരിമാവ് കുഴച്ചതും ധാന്യങ്ങളും കൊണ്ടുണ്ടാക്കിയ പ്രതിമകൾ ആചാരത്തിന്റെ ഭാഗമായത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഗണപതി ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ക്ഷേത്ര ആചാരമാണ് വിനായക ചതുർത്ഥി.

ഗണപതി ക്ഷേത്രങ്ങളിൽ വളരെ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്താറും പതിവുണ്ട്

ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ഠിക്കുകയും പൂജിക്കുകയും ചെയ്യുന്നു.

മണ്ണുകൊണ്ട് നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു.

പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.

വിനായക ചതുര്‍ഥി വ്രതം

ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ഥിയാണ് വിനായക ചതുര്‍ഥി. അന്നേ ദിവസം ഗണപതി പ്രീതി വരുത്തുന്നവരുടെ സര്‍വ തടസ്സങ്ങളും ഭഗവാന്‍ അകറ്റും. ഉദ്ദിഷ്ട കാര്യങ്ങള്‍ ഗണനായകന്‍ സാധിപ്പിച്ചു നല്‍കും. ഈ ദിനത്തില്‍ ചതുര്‍ഥി വ്രതം ആചരിക്കുന്നവര്‍ക്ക് അടുത്ത വിനായക ചതുര്‍ഥി വരെയുള്ളതായ ഒരു വര്‍ഷക്കാലം ഗണപതി പ്രീതി ഉണ്ടാകും എന്നാണ് വിശ്വാസം. തടസ്സങ്ങളെ അകറ്റാനും ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഇതുപോലെ ശ്രേഷ്ഠമായ മറ്റൊരു വ്രതമില്ല.

വിനായക ചതുര്‍ഥി വ്രതം ആചരിക്കേണ്ടതെങ്ങനെ?

അന്നേ ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുക. സ്നാന ശേഷം ഗണപതി ഗായത്രി 108 ഉരു ജപിക്കുക.

ഗണപതി ഗായത്രി

ഓം ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി: പ്രചോദയാത്

തുടര്‍ന്ന് ഗണപതി ക്ഷേത്ര ദര്‍ശനം നടത്തി നാളികേരം ഉടച്ച് ഗണപതി ഹോമത്തില്‍ പങ്കു ചേരുക. യഥാശക്തി വഴിപാടുകള്‍ നടത്തുക.

വഴിപാടുകളും ഫലസിദ്ധിയും

കറുകമാല – തടസ്സ നിവാരണം, പാപ മുക്തി.

മുക്കുറ്റി പുഷ്പാഞ്ജലി – കാര്യസിദ്ധി, വിവാഹ തടസ്സ നിവാരണം.

ദ്വാദശ മന്ത്രാര്‍ച്ചന- കാര്യ വിജയം.

സഹസ്ര നാമാര്‍ച്ചന – ഐശ്വര്യ സിദ്ധി

ഗണപതി ഹോമം- സര്‍വൈശ്വര്യം.

ഉണ്ണിയപ്പം/ മോദകം – കാര്യ സിദ്ധി, മനോസുഖം.

ഒരു നേരം മാത്രം ധാന്യം ഭക്ഷിച്ച് പകല്‍ നീക്കുക. സന്ധ്യക്ക് വീണ്ടും ക്ഷേത്ര ദര്‍ശനം നടത്തി ഗൃഹത്തില്‍ മടങ്ങിയെത്തി ഗണപതി സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. ചന്ദ്രദര്‍ശനം നടത്തരുത്.

വിനായക ചതുര്‍ഥിയില്‍ ജപിക്കേണ്ട ഗണേശ സ്തോത്രങ്ങള്‍

ഗണേശ ദ്വാദശ മന്ത്രം

ഓം വക്രതുണ്ഡായ നമ:
ഓം ഏകദന്തായ നമ:
ഓം കൃഷ്ണപിംഗാക്ഷായ നമ:
ഓം ഗജവക്ത്രായ നമ:
ഓം ലംബോധരായ നമ:
ഓം വികടായ നമ:
ഓം വിഘ്നരാജായ നമ:
ഓം ധ്രൂമ്രവര്‍ണ്ണായ നമ:
ഓം ഫാലചന്ദ്രായ നമ:
ഓം വിനായകായ നമ:
ഓം ഗണപതയേ നമ:
ഓം ഗജാനനായ നമ:

ഗണേശ പഞ്ചരത്ന സ്തോത്രം

മുദാകരാത്ത മോധകം, സദാ വിമുക്തി സാധകം
കലാധരാവതംശകം, വിലാസിലോക രക്ഷകം.

അനായകൈക നായകം വിനാശിതേഭ ദൈത്യകം
നതാശുഭാശുനാശകം, നമാമിതം വിനായകം.

നതേതരാതിഭീകരം നവോധിതാര്‍ക ഭാസ്വരം
നമത്സുരാരി നിര്‍ജ്ജരം നതാധികാപദുര്‍‌ദ്ധരം.

സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം.

സമസ്ത ലോക സങ്കരം, നിരസ്ത ദൈത്യ കുഞ്ചരം
ദരേത രോദരം വരം വരേഭവക്ത്രമക്ഷരം.

കൃപാകരം, ക്ഷമാകരം, സുധാകരം, യശസ്കരം
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്കരം.

അകിഞ്ചനാര്‍തിമാര്‍ജനം ചിരന്തനോക്തി ഭാജനം
പുരാരി പൂര്‍വ നന്ദനം സുരാരി ഗര്‍വചര്‍വണം.

പ്രപഞ്ചനാശ ഭീഷണം ധനഞ്ചയാദി ഭൂഷണം
കപോലദാന വാരണം ഭജേ പുരാണവാരണം.

നിതന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്തരൂപമന്ത ഹീന മന്തരായ കൃന്തനം.

ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്ത മേവ തം വിചിന്തയാമി സന്തതം.

ഫലശ്രുതി

മഹാ ഗണേശ പഞ്ചരത്ന മാദരേണ യോ ന്വഹം
പ്രജല്പതി പ്രഭാതകേ ഹൃദിസ്മരന്‍ ഗണേശ്വരം.
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായു രഷ്ടഭൂതി മഭ്യുപൈതി സോ ചിരാത്

സങ്കട നാശന ഗണപതി സ്തോത്രം, ഗണപതി അഷ്ടോത്തരം, ഗണേശ സഹസ്രനാമം തുടങ്ങിയവയും ജപിക്കാവുന്നതാണ്. പിറ്റേന്ന് രാവിലെ പാരണ വീടാവുന്നതാണ്.

തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.